വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുഎസ്, ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമാകുന്നു. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരേയുണ്ടായ ആക്രമണവും യുഎൻ സുരക്ഷാ സമിതിയിലെ പ്രമേയം ഇറാൻ തള്ളിയതുമാണ് വീണ്ടും സംഘർഷം ശക്തമാകാൻ കാരണമായത്.
ഹോർമുസിൽ പനാമ പതാകയേന്തിയ എച്ച്എംഎം നാമു എന്ന ദക്ഷിണകൊറിയൻ ചരക്കുകപ്പലിനു നേരെയാണ് വ്യോമാക്രമണം ഉണ്ടായത്. ആക്രമണത്തെതുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ വൻ തീപിടുത്തമുണ്ടായി. ഇറാനാണ് ആക്രമണത്തിനു പിന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു. ആരോപണം ഇറാൻ നിഷേധിച്ചു.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിനു സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാസമിതിയിൽ അമേരിക്കയും ഗൾഫ് രാജ്യങ്ങളും അവതരിപ്പിച്ച പ്രമേയം ഇറാൻ തള്ളിയതും സംഘർഷത്തിന്റെ തീവ്രവത വർധിപ്പിച്ചു. രാഷ്ട്രീയ പ്രേരിതമായ നീക്കമാണിതെന്നും ഉപരോധങ്ങൾ നീക്കാതെ പരിഹാരം സാധ്യമല്ലെന്നുമാണ് ഇറാന്റെ നിലപാട്.
അതിനിടെ ഇറാന്റെ പരമോന്നത നേതാവ് മുജ്താബ ഖമനയ് സൈനിക മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ശത്രുക്കൾക്കെതിരേ സൈനികനീക്കങ്ങൾ തുടരാൻ നിർദേശം നൽകി.
അതിനിടെ, ഇറാനിൽ നിന്ന് വിക്ഷേപിച്ച രണ്ട് ഡ്രോണുകൾ തങ്ങൾ വെടിവച്ചിട്ടതായി യുഎഇ സൈനിക വൃത്തങ്ങൾ അറിയിച്ചു.
കുവൈറ്റ് വ്യോമാതിർത്തിയിലും സമാനമായ രീതിയിൽ ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. അതിനിടെ തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ഹിസ്ബുള്ള പ്രവർത്തകരും രണ്ട് സിറിയൻ പൗരൻമാരും കൊല്ലപ്പെട്ടു. മേഖലയിൽ ഇസ്രയേൽ സൈനിക നടപടികൾ ശക്തമാക്കിയിരിക്കുകയാണ്.